ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ ഇലന്തൂര്‍ ബ്ലോക്കിലാണ് മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത് മല്ലപ്പുഴശ്ശേരി വില്ലേജ് പരിധിയിലാണ്. മല്ലപ്പുഴശ്ശേരി പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 12.45 ചതുരശ്ര കിലോമീറ്ററാണ്.
പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കോഴഞ്ചേരി പഞ്ചായത്തും പമ്പാനദിയും, കിഴക്കുഭാഗത്ത് നാരങ്ങാനം, കോഴഞ്ചേരി പഞ്ചായത്തുകളും, തെക്ക് ഇലന്തൂര്‍, മെഴുവേലി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ആറന്മുള, മെഴുവേലി പഞ്ചായത്തുകളുമാണ്. ഈ പഞ്ചായത്തില്‍ 13 വാര്‍ഡുകളാണുള്ളത്.
പ്രശസ്തമായ തിരുവാറന്മുള മഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം മുതല്‍ കിഴക്കുതെക്കായി വ്യാപിച്ചുകിടക്കുന്ന ഗ്രാമമാണ് മല്ലപ്പുഴശ്ശേരി. അലയും പുഴയും കൂടി സംഗമിക്കുന്ന പ്രദേശമാണിത്. കുറച്ചു ഭാഗങ്ങളൊഴിച്ചാല്‍ ബാക്കി സ്ഥലമെല്ലാം മലമ്പ്രദേശമാണ്.
പുണ്യനദിയായ പമ്പയുടെ സമ്പര്‍ക്കവും സാമീപ്യവും ഈ പ്രദേശത്തെ അതിമനോഹരമാക്കുന്നു. ആറന്മുള വള്ളംകളി നടക്കുന്ന പമ്പാനദിയുടെ സിംഹഭാഗവും മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രദേശത്താണ്.
കോഴഞ്ചേരിയും മല്ലപ്പുഴശ്ശേരിയും ഒന്നിച്ച് കോഴഞ്ചേരി വില്ലേജ് യൂണിയന് എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. ജനസംഖ്യാടിസ്ഥാനത്തിലും ഭൂമിശാസ്ത്രപരമായ കാരണങ്ങളാലും മല്ലപ്പുഴശ്ശേരി പ്രദേശം ഒരു പ്രത്യേക പഞ്ചായത്തായി രൂപീകരിക്കേണ്ടത് ആവശ്യമായി വന്നതിനാല്‍ 1952-ല്‍ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് നിലവില്‍ വന്നു.
സ്വന്തമായി പണിത കെട്ടിടത്തില്‍ 1972 മുതല്‍ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നു.